ലഖ്‌നോ : ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ മൊഴിയെടുത്തിരുന്നു. ആദ്യഘട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്‌ടോബര്‍ രണ്ടിന് ഹാഥറസ് പോലീസ് സൂപ്രണ്ട്, ഡി.എസ്.പി, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയും പ്രതികളിലൊരാളും നേരത്തേ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഒക്ടോബര്‍ ഏഴിന് റിപ്പോര്‍ട്ട് കൈമാറണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പീന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ദിവസം കൂടി നല്‍കുകയായിരുന്നു.
സെപ്റ്റംബര്‍ 30നാണ് കേസ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. സെപ്റ്റംബര്‍ 29നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.