ഉത്തർപ്രദേശ് : പീഡനകേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. 2018 ൽ നടന്ന പീഡനക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയും കുടുംബവും ക്ഷേത്രത്തിൽ പോകും വഴിയാണ് പിതാവിന് നേരെ നിറയൊഴിച്ചത്. പ്രദേശത്തെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയതായിരുന്നു പെൺകുട്ടിയും കുടുംബവും. ആ സമയം ക്ഷേത്രത്തിൽ പ്രതിയുടെ അമ്മയും ബന്ധുവും എത്തിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമായി.
പ്രശ്‌നത്തിൽ പ്രതിയും പ്രതിയുടെ പിതാവും ഇടപെടുകയും തുടർന്ന് വലിയ വാക്ക് തർക്കത്തിൽ കലാശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രകോപിതനായ പ്രതി കൂട്ടാളികളെ വിളിച്ചുവരുത്തി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 2018ൽ പീഡനക്കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസത്തിനകം തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചു.