ഹത്‌റാസ് : ഹത്‌റാസ് കൂട്ടബലാത്സംഗ കൊലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നു. എസ്‌ഐടിയുടെ അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂർത്തിയായത്. അതിനിടെ കേസിൽ സിബിഐ ജയിലിലെത്തി പ്രതികളുടെ മൊഴിയെടുത്തു. മൂന്നാഴ്ച്ച എടുത്താണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായത്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണം പൂർത്തിയാക്കിയ വെള്ളിയാഴ്ച എസ്‌ഐടി വ്യക്തമാക്കിയത്. എന്നാൽ മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുവരെ സർക്കാറിനു മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ വിശദമായ മൊഴിയെടുത്തിരുന്നു.
പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണഘട്ടത്തിൽ എസ്‌ഐടി പുറത്തുവിട്ടത് വിവാദമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി ,ഡിഎസ്പി, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. അതിനിടെ കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അലിഗഡ് ജയിലിൽ കഴിയുന്ന നാല് പ്രതികളുടെയും മൊഴി സിബിഐ ജയിലിലെത്തി രേഖപ്പെടുത്തി. കൂടാതെ പെൺകുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കൽ കോളജിലും സിബിഐ സംഘം സന്ദർശിച്ചു. ഡോക്ടർമാരുടെ മൊഴിയെടുത്തു . ബലാത്സംഗം നടന്നിട്ടില്ലെന്ന് ഉത്തർപ്രദേശ് എഡിജിപിയുടെ പ്രസ്താവന തളളി അലിഗഡ് മെഡിക്കൽ കോളജ് ഡോക്ടറായിരുന്നു രംഗത്തെത്തിയത്.