പത്തനംതിട്ട : പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കരണത്തടിക്കുന്നതിനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. പ്രതിയെ കരണത്തടിച്ചതില്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി എസ്‌ഐ സിആര്‍ രാജു നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
2005 മാര്‍ച്ചിലാണ് മര്‍ദനക്കേസിലെ പ്രതിയെ വിളിച്ചുവരുത്തി കരണത്തടിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കിട്ടുന്ന നിയമപരമായ സംരക്ഷണത്തിന് എസ‌്‌ഐ അര്‍ഹനല്ലെന്ന് കോടതി പറഞ്ഞു. കേസിന്റെ വിചാരണയുമായി മുന്നോട്ടുപോകാനും ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
കോന്നി സ്വദേശിയ സതീഷ് കുമാര്‍ മര്‍ദിച്ചെന്നാരോപിച്ചു മോഹനന്‍ എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2005 മാര്‍ച്ച് 15 നു സതീഷിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ എസ്‌ഐ കരണത്ത് അടിച്ചെന്നാണ് കേസ്. സതീഷ് കുമാറിന്റെ സ്വകാര്യ അന്യായത്തില്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് രാജു ഹൈക്കോടതിയെ സമീപിച്ചത്.