കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. മെയ് ഒന്ന് മുതല്‍ നാല് ദിവസം കൂടിച്ചേരലുകള്‍ പാടില്ല. തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് നാലു മുതല്‍ ഒന്‍പതു വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു സമാനമായ സെമി ലോക്ഡൗണ്‍ നിയന്ത്രണങ്ങളാവും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.