കൊച്ചി : ആദിവാസി സമുദായങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി അനുവദിക്കുന്ന ഫണ്ട് വകമാറ്റരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഫണ്ട് അനുവദിച്ച ആവശ്യങ്ങള്‍ക്ക് മാത്രം വിനിയോഗിക്കുന്നുണ്ടന്ന് കളക്ടര്‍മാര്‍ ഉറപ്പാക്കണന്നെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
മലപ്പുറം, വയനാട്, തൃശുര്‍ എറണാകുളം ജില്ലകളിലെ ആദിവാസി കോളനികളില്‍ അവശ്യ സൗകര്യങ്ങള്‍ എത്തിക്കുന്നതില്‍ വീഴ്ച ഉണ്ടന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്. കല്‍പ്പറ്റയിലെ നീതിവേദി അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത് . വീട്, സ്ഥലം, കുടിവെള്ളം, വൈദ്യുതി, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍, അംഗനവാടി തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കളക്ടര്‍മാരുടെ റിപ്പോര്‍ട് തേടിയ കോടതി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ കാര്യമായ പുരോഗതിയുള്ളതായി വിലയിരുത്തി. വിവിധ ആവശ്യത്തിന് അനുവദിച്ച പണം കൈമാറാനുണ്ടങ്കില്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള ടിവി, ലാപ്ടോപ്പ്, മൊബെല്‍ഫോണ്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം, വീട് നിര്‍മാണം ലൈഫ് മിഷനിലൂടെ ഉറപ്പാക്കണം, കോളനികളില്‍ ഹെല്‍ത്ത് സെന്ററുകള്‍ ഇല്ലങ്കില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കണം എന്നും കോടതി വ്യക്തമാക്കി.
പോരായ്മകള്‍ മുന്നു മാസത്തിനുള്ളില്‍ പരിഹരിച്ച് റിപ്പോര്‍ട് നല്‍കാനും വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കമെന്നും കോടതി വ്യക്തമാക്കി.