തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫെപോസ നിയമം ചുമത്തിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എ.എം. ജലാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന കസ്റ്റംസ് കണ്ടെത്തലിനെ ശരിവച്ചാണ് കോടതി നടപടി എടുത്തത്.
കോഫെപോസ ചുമത്തിയ അഡ്വൈസറി ബോര്‍ഡിന്റെ നടപടി റദ്ദാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ നേരത്തെ കോഫെപോസ ചുമത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് ഇരുവര്‍ക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്.