പാലാ: പാലാ നഗരസഭയിലെ ആറാം വാര്‍ഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. 26 അംഗ നഗരസഭയിലെ പുലിമലകുന്ന് വാര്‍ഡ് മൂന്നാം തവണയും സംവരണ വാര്‍ഡായി നിശ്ചയിച്ചു കൊണ്ടുള്ള കൊല്ലം റീജണല്‍ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ 30.9.20-ലെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. നറുക്കെടുപ്പിലൂടെയാണ് അന്ന് സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ച് ഉത്തരവിറക്കിയത്.
മൂന്നാം തവണയും ആറാം വാര്‍ഡ് സംവരണ വാര്‍ഡാക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് കേ.കോണ്‍ (എം) പാലാ നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലം പറമ്പില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നഗരസഭയിലെ പുലിമലക്കുന്ന് 6-)o വാര്‍ഡ് 2010, 2015 വര്‍ഷങ്ങളില്‍ സംവരണ വാര്‍ഡായിരിക്കവെ വീണ്ടും മൂന്നാം തവണയും സംവരണ വാര്‍ഡായി നിശ്ചയിച്ചതിനെതിരെയായിരുന്നു ബൈജു കൊല്ലംപറമ്പില്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
രണ്ട് പ്രാവശ്യം സംവരണ വാര്‍ഡായിരുന്ന നഗരസഭയിലെ 12-ാം വാര്‍ഡ് ജനറല്‍ ആക്കി മാറ്റുകയും ആറാം വാര്‍ഡ് വീണ്ടും സംവരണ വാര്‍ഡായി നില നിര്‍ത്തിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി ഉത്തരവു പ്രകാരം 6, 12. വാര്‍ഡുകള്‍ ഒഴിച്ചു നിര്‍ത്തി മറ്റുള്ള 24 വാര്‍ഡുകള്‍ ഇനി പുനര്‍നിര്‍ണ്ണയം നടത്തുവാനാണ് കോടതി ഉത്തരവ്.
ഈ ഉത്തരവ് നടപ്പാകുന്നതോടെ നഗരസഭയിലെ 6 ,12 വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡായി നില നിര്‍ത്തി മറ്റ് ജനറല്‍, സംവരണ വാര്‍ഡുകള്‍ വീണ്ടും പുനര്‍നിര്‍ണ്ണയം ചെയ്യപ്പെടും.
ഹൈക്കോടതി അഭിഭാഷകരായ പി. ദീപക്, ജയ് ജോര്‍ജ് എന്നിവര്‍ ഹര്‍ജിക്കാരനു വേണ്ടി ഹാജരായി.