കൊച്ചി: ലാഭവും നഷ്ടവും ഇല്ലാതെ കെ.എസ്.ആര്‍.ടി.സിയെ എത്തിക്കലാകണം മാനോജ്‌മെന്റിന്റെയും തൊഴിലാളികളുടെയും ലക്ഷ്യമെന്ന് ഹൈക്കോടതി. യൂണിയന്‍ പ്രവര്‍ത്തനവും കൊടി പിടിക്കലും മാത്രമാണ് നിലവില്‍ സ്ഥാപനത്തില്‍ നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി നന്നാവണമെങ്കില്‍ എല്ലാവരും വിചാരിയ്ക്കണം. മാനേജ്‌മെന്റിന് കാര്യപ്രാപ്തി വേണം. യൂണിയനുകള്‍ മിണ്ടുമ്പോൾ സമരം ചെയ്യുകയാണ്. അനധികൃത അവധിയാണ് പ്രശ്‌നം. നടപടിയെടുത്താല്‍ അപ്പോള്‍ സമരം ചെയ്യും. കെ.എസ്.ആര്‍.ടി.സിയുടെ ദുരവസ്ഥയ്ക്ക് തൊഴിലാളികളും ഉത്തരവാദികളാണ്. അവകാശങ്ങളേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ഹൈക്കോടതി.
എന്തുകൊണ്ടാണ് സ്വകാര്യ മേഖല ലാഭത്തില്‍ പോകുന്നത്. 5000 കോടി രൂപ ആസ്ഥിയുള്ള സ്ഥാപനമാണ്. ചില നിര്‍മ്മാണങ്ങള്‍ വെറുതെ നടത്തി പണം പാഴാക്കുന്നു. എത്രനാള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ മുന്നോട്ടുപോകും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവര്‍ക്ക് ശമ്പളം കൊടുത്താല്‍ മതി. ജീവനക്കാര്‍ക്കും ജീവിക്കണം, കുട്ടികളെ പഠിപ്പിയ്ക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കു മുമ്പായി ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. എത്രയും വേഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. അതിനുശേഷം മിനിസ്റ്റീരിയല്‍ സ്റ്റാഫിന് നല്‍കിയാല്‍ മതി. സ്ഥാപനത്തിന്റെ ആസ്ഥിയും ബാധ്യതകളും ജൂണ്‍ 21 മുമ്പ് അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. കേസ് 21 ന് പരിഗണിയ്ക്കാനായി മാറ്റി.
രണ്ടു മാസം ശമ്പളം കിട്ടാതെ ജീവനക്കാര്‍ എങ്ങിനെ പണിയെടുക്കും എന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം കിട്ടണം. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ വായ്പയെടുത്ത് ഒരു സ്ഥാപനം എങ്ങിനെ മുന്നോട്ടുപോകും .ഇങ്ങനെ ഒരു കമ്പനി നടത്താന്‍ കഴിയുമോ? 800 ബസുകള്‍ യാര്‍ഡുകളില്‍ കട്ടപ്പുറത്താണ്. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി നിന്നു പോകും. ആരെങ്കിലും നേതൃത്വം ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളം ഒരുമാസം പോലും കൃത്യമായി നല്‍കാതിരിക്കുമ്പോൾ സി.എം.ഡിയ്ക്ക് മാത്രം സര്‍ക്കാര്‍ കൃത്യമായി ശമ്പളം കൊടുക്കുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായതുകൊണ്ടാണ് ഇതെന്നായിരുന്ന സര്‍ക്കാരിന്റെ മറുപടി.
രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു. നഷ്ടത്തിലായതിനാലാണ് എയര്‍ ഇന്ത്യ സര്‍ക്കാര്‍ വിറ്റത്. എന്നാല്‍ എയര്‍ ഇന്ത്യ വാങ്ങിയവര്‍ എങ്ങിനെയാണ് ലാഭത്തിലാക്കുന്നത്? നിലവിലെ അവസ്ഥയില്‍ വരാന്‍ പോകന്ന പദ്ധതികളും നഷ്ടത്തിലാകുമെന്ന് ജനം വിചാരിച്ചാലോയെന്നും കോടതി ചോദിച്ചു. പ്രവര്‍ത്തനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു നിലവിലുള്ള ടിക്കറ്റ് ടിക്കറ്റേതര വരുമാനങ്ങള്‍ തികയുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. 2020-2021 ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനും വായ്പാത്തുക തിരിച്ചടയ്ക്കാനുമായി സര്‍ക്കാര്‍ 2,037 കോടി രൂപ നല്‍കി. പഴയ ബസുകള്‍ മാറ്റാനും കെ.എസ്.ആര്‍.ടി.സിയെ ആധുനികവത്കരിക്കാനുമായി 99.71 കോടി രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം ശമ്പളം പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ ഇതുവരെ 105 കോടിയിലേറെ നല്‍കിയെന്നും കെ.എസ്.ആര്‍.ടി.സി ഡെപ്യൂട്ടി ഓഫീസര്‍ പി.എന്‍. ഹേന നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.