കൊച്ചി : മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ജില്ലാ ബാങ്ക് കൂട്ടിച്ചേര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്ന സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജസ്റ്റീസ് സതീശ് നൈനാന്‍ നിര്‍ദ്ദേശിച്ചു.
നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് യു എ ലത്തീഫ് എംഎല്‍എയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി റിസര്‍വ്വ് ബാങ്കിന് നോട്ടീസ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന നിയമസഭ പാസാക്കിയ പുതിയ ഭേദഗതികള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
അംഗങ്ങളുടെ മുന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ബാങ്കിങ് കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ ലയിക്കാവൂ എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ ഏപ്രില്‍ 1ന് നടപ്പില്‍ വന്നുമെന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെതിരെ പൊതുയോഗം പ്രമേയം പാസാക്കിയിട്ടുണ്ടന്നും ഹര്‍ജി ഭാഗം ബോധിപ്പിച്ചു. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത നേരത്തെ സിംഗിള്‍ ബഞ്ച് ശരി വെച്ചിട്ടുണ്ടെന്നും സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലുകള്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. മലപ്പുറം ജില്ലയിലെ ഒട്ടേറെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ലയനത്തെ അനുകൂലിച്ചിരുന്നുവെന്നും ജീവനക്കാരുടെ ഹര്‍ജിയില്‍ ലയന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നതായും സര്‍ക്കാര്‍ വിശദീകരിച്ചു.