കൊച്ചി : വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതിവേണ്ടെന്ന് കേരള ഹൈക്കോടതി. ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതിവേണമെന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദവും സംഘര്‍ഷവുമെല്ലാം സ്ത്രീയാണ് അഭിമുഖീകരിക്കുന്നത് എന്ന വസ്തുതയും കണക്കിലെടുത്താണിതെന്ന് കോടതി വ്യക്തമാക്കി.
കോട്ടയം സ്വദേശിയായ 21കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതിനല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. പഠനകാലയളവില്‍ ബസ് കണ്ടക്ടറുമായി പ്രണയത്തിലായ പെണ്‍കുട്ടി വീട്ടുകാരുടെ ഇഷ്ടം കൂടാതെ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു. പിന്നീട് ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനമാവശ്യപ്പെട്ട് മോശമായി പെരുമാറാന്‍ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി.