കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി. വിശദമായ ഉത്തരവ് 11 മണിക്കുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. കല്ലേറിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. അമ്പതോളം ബസുകളുടെ ചില്ല് തകർന്നു.
കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ണൂർ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാർക്ക് പരിക്കേറ്റു. കെഎസ്ർആർടിസി പലയിടത്തും സർവീസുകൾ നിർത്തി. പോലീസ് സംരക്ഷണത്തോടെ മാത്രം സർവീസുകൾ മതിയെന്നാണ് യൂണിറ്റുകൾക്ക് ലഭിച്ച നിർദേശം.