രണ്ടു ലക്ഷം നിക്ഷേപിച്ചാല്‍ മാത്രം മഹാനവമിക്ക് അവധി – മൊതലാളിയും കമ്പനിയും പൊളിയാണ്
കൊച്ചി : നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞിട്ടും മധ്യകേരളത്തിലെ പ്രമുഖ NBFC മുതലാളിക്ക് മതിയാകുന്നില്ല. പ്രതിമാസ ടാര്‍ജറ്റ് തികക്കാത്തവരെ ജില്ലകള്‍ക്ക് പുറത്തേക്ക് ഒറ്റയടിക്ക് ട്രാന്‍സ്ഫെര്‍ ചെയ്യുകയാണ്. കേരളത്തിലും പുറത്തുമായി ആയിരത്തിലധികം ബ്രാഞ്ചുകള്‍ ഈ NBFC ക്കുണ്ട്. കൂടുതലും സ്ത്രീകളാണ് ഇവിടുത്തെ ജീവനക്കാര്‍. കുടുംബമായി ജീവിക്കുന്നവരെ ഒറ്റ രാത്രികൊണ്ട് അമ്പതും അറുപതും കിലോമീറ്റര്‍ ദൂരെയുള്ള ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയാണ്. കിട്ടുന്ന ശമ്പളം 15000 രൂപയും. ഇതോടെ ജീവനക്കാര്‍ പലരും ജോലി ഉപേക്ഷിക്കുകയാണ്. പല മീറ്റിങ്ങുകളിലും വനിതാ ജീവനക്കാര്‍ക്ക് കടുത്ത ഭാഷയിലാണ് വിമര്‍ശനം. ഇത് പലപ്പോഴും മോശം ഭാഷയിലേക്കും ചെന്നെത്തും. ടാര്‍ജറ്റ് തികച്ചില്ലെങ്കില്‍ ജോലി ഇല്ലെന്ന ഭീഷണിയും. ആശുപത്രിയില്‍ പോകാന്‍ പോലും ലീവ് നല്‍കുന്നില്ല. ജനങ്ങളെ കറക്കിക്കുത്തി എങ്ങനെയും ടാര്‍ജറ്റ് തികക്കാനാണ് മൊതലാളിയുടെ കര്‍ശന നിര്‍ദ്ദേശം, അതുകഴിഞ്ഞ് ആശുപത്രിയില്‍ പോയാല്‍ മതി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെങ്കിലും ആരും ഇക്കാര്യം പുറത്ത് പറയുന്നില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ NBFC എന്നാണ് വിവരം. ആസ്ഥാന മന്ദിരത്തിന്റെ ആഡംബരത്തിലും അലങ്കാരത്തിലും നിക്ഷേപകരുടെ കണ്ണുകെട്ടുകയാണ്. കൂടാതെ കോടികള്‍ ചെലവഴിച്ചുള്ള പരസ്യത്തിന്റെ പിന്‍ബലവും. ഊതിവീര്‍പ്പിച്ച സോപ്പ് കുമിള കണക്കെയാണ് ഇപ്പോഴത്തെ അവസ്ഥ. ബ്രാഞ്ചുകള്‍ പലതും നിര്‍ത്തുമെന്നാണ് സൂചന. ജീവനക്കാരെ പെട്ടെന്ന് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് പകരം ഇവരെ ദൂരേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യുകയാണ്. ഇതോടെ ഇവര്‍ സ്വയം രാജിവെച്ച് പോകും. ഒരു ആനുകൂല്യവും ഇവര്‍ക്ക് നല്‍കേണ്ടതില്ല.
ജീവനക്കാര്‍ കടുത്ത ആശങ്കയിലും സമ്മര്‍ദ്ദത്തിലുമാണ്. ഓരോ മാസവും നിക്ഷേപം ക്യാന്‍വാസ് ചെയ്യുന്നതിന്റെ ടാര്‍ജറ്റ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 20 ലക്ഷം രൂപയുടെ ടാര്‍ജറ്റ് ആണെങ്കില്‍ യാതൊരു ആലോചനയും കൂടാതെ അടുത്തമാസം 30 ലക്ഷം രൂപ ടാര്‍ജറ്റ് നല്‍കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുവാന്‍ ഇപ്പോള്‍ ആരും തയ്യാറാകുന്നില്ല. ടാര്‍ജറ്റ് തികഞ്ഞില്ലെങ്കില്‍ ജോലി പോകുമെന്നതിനാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാലുപിടിച്ചാണ് ഇവിടെ പണം നിക്ഷേപിപ്പിക്കുന്നത്. തന്നെ വിശ്വസിച്ചവരോട് ചെയ്യുന്നത് കൊലച്ചതി ആണെന്ന് അറിയാം, ഇപ്പോള്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് ആയിരത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള സ്ഥാപനത്തിലെ ഒരു ജീവനക്കാരി പത്തനംതിട്ട മീഡിയായോട് തുറന്നു പറഞ്ഞു.
ബ്രാഞ്ച് മാനേജര്‍ക്ക് 25000 രൂപ, ബ്രാഞ്ച് എക്സിക്യൂട്ടീവിന് 15000 രൂപ, കസ്റ്റമര്‍ സെയില്‍സ് എക്സിക്യൂട്ടീവിന് 14000 രൂപ എന്നിങ്ങനെയാണ് ജീവനക്കാരുടെ ശമ്പളം. പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ആയിട്ടും ജീവനക്കാര്‍ക്ക് പി.എഫ് ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും നല്‍കുന്നില്ല. കൂടാതെ ജീവനക്കാരുടെ സമ്മതമില്ലാതെ ഓരോ മാസവും ശമ്പളത്തില്‍ നിന്നും 1000 രൂപ കട്ട് ചെയ്യും, ഡെപ്പോസിറ്റ് എന്ന ഓമനപ്പേരിലാണ് മാനേജ്മെന്റിന്റെ ഈ നടപടി. വെള്ളിയാഴ്ച (നാളെ) മഹാനവമിയാണ്, പലര്‍ക്കും കുട്ടികളെ എഴുത്തിന് ഇരുത്തണം, ഈ ദിവസം പല ചടങ്ങുകളുമുണ്ട്. അവധി ചോദിച്ചവര്‍ക്ക് 2 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചാല്‍ അവധി തരാമെന്നായിരുന്നു മാനേജ്മെന്റിന്റെ മറുപടി.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ 20 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിക്കുവാന്‍ ഈ NBFC ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇത് പല ബ്രാഞ്ചിലും കനത്ത പരാജയമായിരുന്നു. ഇതോടെ ഒക്ടോബര്‍ മാസത്തിലേക്ക് കൂടി പദ്ധതി നീട്ടി, ടാര്‍ജറ്റ് 30 ലക്ഷമായി ഉയര്‍ത്തി. ഇതോടെ 20 ലക്ഷം ടാര്‍ജറ്റ് തികച്ചവര്‍ 10 ലക്ഷംകൂടി ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുക്കണം. ടാര്‍ജറ്റ് തികച്ച് കൂടുതല്‍ നിക്ഷേപകരെ പറ്റിച്ചാല്‍ കൊച്ചിയിലെ പ്രശസ്തമായ ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വി.ഐ.പി പരിഗണനയോടെ ആദരിക്കും. മൂന്ന് മാസത്തിനുള്ളിൽ 15 ലക്ഷമാണ് പിഴിഞ്ഞെടുക്കുന്നതെങ്കില്‍ അവിശ്വസനീയമായ ഒരു ഉല്ലാസയാത്ര ബ്രാഞ്ചിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ലഭിക്കും. കൂടാതെ ആലപ്പുഴയില്‍ ബോട്ടിംഗ്, പര്യവേക്ഷണം (ജനങ്ങളുടെ പണം അടിച്ചുമാറ്റുന്നതില്‍) ഇതൊക്കെയാണ് വാഗ്ദാനങ്ങള്‍. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].