ഈന്തപ്പഴക്കുരു ഉപയോഗിച്ച് പല രാജ്യങ്ങളിലും കാലിത്തീറ്റയും കഫീൻ ഇല്ലാത്ത കാപ്പിപ്പൊടിയുമെല്ലാം ഉണ്ടാക്കുന്നുണ്ട്. ഈന്തപ്പഴത്തിൻറെ ആകെ ഭാരത്തിൻറെ 6-15% അതിൻറെ കുരുവാണ്. ഈന്തപ്പഴത്തിൻറെ വിത്തുകളിൽ കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഒലിവ് ഓയിലിലേതു പോലുള്ള ആന്റിഓക്സിഡന്റുകളും ഇതിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. കൂടാതെ, ഡിഎൻഎ കേടുപാടുകൾ തടയാനും വിവിധ വൈറൽ അണുബാധകളെ ചെറുക്കാനും ഈ കുരുവിന് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഈ കുരുവിൽ അടങ്ങിയ പ്രോആന്തോസയാനിഡിനുകൾ വൃക്ക, കരൾ മുതലായവയിലെ വിഷാശം പുറന്തള്ളാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഇനി ഈന്തപ്പഴ വിത്തുകൾ ചുമ്മാ കളയേണ്ട കാര്യമില്ല. ഇവ ഉപയോഗിച്ച് ആരോഗ്യകരമായ ഒട്ടേറെ വിഭവങ്ങൾ ഉണ്ടാക്കാം.
ഈന്തപ്പഴക്കുരു പൊടിച്ചത്
ഈന്തപ്പഴ വിത്തുകൾ കഴുകി ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങാൻ 3 ദിവസം വരെ എടുത്തേക്കാം. പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞാൽ ഗ്രൈൻഡറിൽ ഇട്ടു പൊടിച്ച് കാപ്പിപ്പൊടിക്ക് പകരം ഉപയോഗിക്കാം. ഇത് ചൂടുവെള്ളത്തിൽ കലക്കിയെടുത്ത് പാലിൽ ചേർത്ത് കുടിച്ചാൽ രുചികരമായ ഹോട്ട് ചോക്ലേറ്റ് റെഡി. കൂടാതെ, സ്മൂത്തികളിലും ജ്യൂസുകളിലും ഇത് ചേർക്കാം. കുക്കികൾ, കേക്കുകൾ തുടങ്ങിയ ബേക്കിംഗ് വിഭവങ്ങളിൽ ഈ പൊടി ഉപയോഗിക്കുന്നത് കൂടുതൽ മികച്ച സ്വാദ് നൽകും.
ഈന്തപ്പഴക്കുരു സിറപ്പ്
ഈന്തപ്പഴ വിത്തുകൾ കഴുകി 24 മണിക്കൂർ കുതിർക്കുക. ഇത് കുറച്ച് വെള്ളം ചേർത്ത് ഗ്രൈൻഡറിൽ ഇട്ട് അരച്ചെടുക്കുക. ഇത് ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങയും ചേർത്ത് ചായയാക്കി കുടിക്കാം. തേനോ ശർക്കരയോ ചേർത്താൽ ജാമിനു പകരം ഉപയോഗിക്കാം. കൂടാതെ, സാലഡ് ഡ്രസ്സിംഗ് ഉണ്ടാക്കുമ്പോൾ ഡേറ്റ് സിറപ്പും ഒപ്പം ചേർക്കാം.