ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുന്നതിന് പുറമെ, നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് പുതിനയില. ശരീരത്തെ തണുപ്പിക്കാന്‍ പുതിനയിലയ്ക്ക് സാധിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് പുതിനയില ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ധാതുക്കള്‍ക്കൊപ്പം, വിറ്റാമിന്‍-സിയുടെ മികച്ച ഉറവിടം കൂടിയാണ് പുതിന. ആയുര്‍വേദ പ്രകാരം പുതിനയെ കാര്‍മിനേറ്റീവ് സസ്യമായി കണക്കാക്കുന്നു. നെഞ്ചെരിച്ചില്‍, ഓക്കാനം, അസിഡിറ്റി എന്നിവയില്‍ നിന്നും പുതിന ആശ്വാസം നല്‍കുന്നു. പുതിനയില കഴിക്കുന്നതിന് ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ ഉണ്ട്. പുതിനയില കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പുതിനയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്. അതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നതിന് പുതിന നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പുതിന വളരെയധികം ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നമുണ്ടെങ്കില്‍, ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ പുതിന നീര് കലര്‍ത്തി കുടിക്കുന്നത് നല്ലതാണ്. ജലദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു. മൂക്കടപ്പ് മാറാന്‍ പുതിനയില മണപ്പിക്കുന്നത് നല്ലതാണ്. പുതിനയില കഷായം ഉണ്ടാക്കി കുടിച്ചാല്‍ തൊണ്ടവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. പുതിനയില കഷായം ഉണ്ടാക്കാന്‍, ഒരു കപ്പ് വെള്ളത്തില്‍ 10-12 പുതിനയില ഇട്ട് വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. ഇനി ഈ വെള്ളം അരിച്ചെടുത്ത് അല്‍പം തേനും ചേര്‍ത്ത് കുടിക്കാം.