റാന്നി-പെരുനാട് : ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് ദോഷകരമായി ബാധിക്കാനിടയാക്കരുതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത് പറഞ്ഞു. റാന്നി – പെരുനാട് ഹൈസ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവ മാധ്യമങ്ങൾ പുതുതലമുറയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇവയുടെ അതിപ്രസരം വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുന്നു എന്നത് ചിന്തനീയമാണ്. കുട്ടികൾ ഇന്ന് പഠനത്തിന് അധികം ഉപയോഗപ്പെടുത്തുന്ന ഒന്നാണ് മൊബൈൽ ഫോൺ. അതിന് വിലക്കേർപ്പെടുത്താൻ കഴിയില്ല. പാഠ്യ വിഷയങ്ങളുടെ വിവിധ മേഖലകൾ മനസ്സിലാക്കാൻ ഇന്ന് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗപ്പെടുത്തുന്നു. എന്നാൽ കുട്ടികളിലെ കായിക ക്ഷമത ഇക്കാലത്ത് കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇത് പരിഹരിക്കാൻ ജീവിത രീതികൾ മാറ്റം വരുത്തേണ്ടതുണ്ട്.
സ്കൂളിലേക്ക് നടന്നു പോവുക, പടവുകൾ കയറുക, എന്നിവ ഗ്രാമീണ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന സ്കൂളുകളിൽ നിലനിന്നു പോകുന്നു. ഇത് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ അവരറിയാതെ തന്നെ മുതൽക്കൂട്ടാണ്. ഇന്ന് പെൺകുട്ടികളിൽ രണ്ട് ശതമാനവും ആൺകുട്ടികളിൽ 14 ശതമാനവും മാത്രമാണ് ഫിസിക്കൽ എബിലിറ്റി എന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നു. റാന്നി പെരുനാട് ഹൈസ്കൂളിന്റെ ഭൂമിശാസ്ത്ര പ്രത്യേകതയെ ചൂണ്ടിക്കാണിച്ചു കൊണ്ട് സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കുട്ടികളിലെ ജീവിതക്രമങ്ങളും ചിട്ടപ്പെടുത്തുന്നതിന് ഈ സ്കൂളിലെ പഠന സാഹചര്യങ്ങൾ ഉതകുമെന്നും അദ്ദേഹം പറഞ്ഞു. ബഥനി സ്കൂൾ സ് മാനേജർ ഫാ. ബെഞ്ചമിൻ ഒ ഐ സി, ഫാദർ സ്‌കറിയ
ഒഐസി, രാജേന്ദ്ര ബാബു, എം.എസ്. ശ്യാം, സുനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.