പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ സുന്ദര കൗമാരം സുരക്ഷിത കൗമാരം ആരോഗ്യ പരിശോധന മണ്ണടിശാല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൗമാരക്കാരായ കുട്ടികളുടെ രക്തം പരിശോധിച്ച് അവരുടെ ആരോഗ്യ സ്ഥിതി നിര്‍ണയിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 13-18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പരിശോധന. കുട്ടികളിലെ വിളര്‍ച്ച, ഹീമോഗ്ലോബിന്‍, ഡയബറ്റിക്, രക്തസമ്മര്‍ദ്ദം, പൊക്കത്തിന് ആനുപാതികമായി ഭാരം എന്നിവയാണ് പരിശോധിക്കുന്നത്. കൂടുതല്‍ പരിശോധനയും ശ്രദ്ധയും വേണ്ട കുട്ടികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ തുടര്‍ പരിപാലനം നടത്തും.
ഗവ. ഹൈസ്‌കൂള്‍ മണ്ണടിശാല, സെന്റ് തോമസ് ഹൈസ്‌കൂള്‍ വെച്ചൂച്ചിറ, കുന്നം എംറ്റിവി എച്ച്എസ്, എസ്എന്‍ഡിപി സ്‌കൂള്‍ വെണ്‍കുറിഞ്ഞി, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കൊല്ലമുള എന്നിവിടങ്ങളിലും മറ്റ് കുട്ടികള്‍ക്കായി സിഎച്ച്‌സി വെച്ചൂച്ചിറ, കുടുംബ ക്ഷേമ ഉപകേന്ദ്രം ചാത്തന്‍തറ എന്നിവടങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. കെ ജയിംസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലേറിയ നിവാരണ പ്രശ്‌നോത്തരിയില്‍ വിജയികളായ കുട്ടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സതീഷ് പണിക്കര്‍ ക്യാഷ് അവാര്‍ഡും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ആരോഗ്യസൂചിക കാര്‍ഡും വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍ രമാദേവി, പഞ്ചായത്തംഗങ്ങളായ ടി.കെ.രാജന്‍, പ്രസന്നകുമാരി, എം.എച്ച് നഹാസ്, ഷാജി കൈപ്പുഴ, ഡോ ഹാംലെറ്റ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജൂബി തോമസ്, രാഷ്ട്രീയ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.