തിരുവനന്തപുരം: കവടിയാറില്‍ കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം. കോളറ ബാധിച്ച് മരിച്ച വ്യക്തിയുടെ വീട്ടിലെ കുടിവെള്ളത്തിന്റെ സാമ്പിള്‍പോലും അധികൃതര്‍ പരിശോധിച്ചില്ല എന്നും കോളറമരണമാണെന്ന് വാര്‍ഡ് കൗണ്‍സിലറിനെ പോലും അറിയിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഏപ്രില്‍ 20-ാം തീയതിയാണ് കവടിയാര്‍ സ്വദേശിയും കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ അജയ് ആര്‍. ചന്ദ്ര(63) കോളറ ബാധിച്ച് മരിച്ചത്. മരണശേഷം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. പനി, ഛര്‍ദി എന്നിവ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു മരണം. ആരോഗ്യവകുപ്പ് പുറത്തുവിട്ട പനി ബാധിച്ച് മരിച്ചവരുടെ പട്ടികയിലാണ് ഒരു മരണം കോളറ മൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ കോളറ മൂലമാണ് മരണമെന്ന് കണ്ടെത്തിയിട്ടും ആരോഗ്യവകുപ്പ് മരിച്ച വ്യക്തിയുടെ വീട്ടിലോ സമീപവാസികളുടേയോ വീടുകളിലെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല. വിഷയത്തില്‍ വലിയ അനാസ്ഥയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇക്കാര്യം ആരോഗ്യവകുപ്പ് തന്നെ അറിയിച്ചിട്ടില്ലെന്ന് കവടിയാര്‍ വാര്‍ഡ് കൗണ്‍സിലര്‍ സതി കുമാരി പ്രതികരിക്കുകയും ചെയ്തു. അജയ് ചന്ദ്രയുടെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ മുന്‍കൈയെടുത്ത് ഈ പ്രദേശത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണുണ്ടായത്. കഴിഞ്ഞ കൊല്ലം നെയ്യാറ്റിന്‍കരയില്‍ ഒന്‍പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിരുന്നു.
22-നാണ് മരണകാരണം കോളറയാണെന്ന് ആരോഗയവകുപ്പ് ഔദ്യോഗികമായി അറിയിച്ചത്. പനി ബാധിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ഇദ്ദേഹം കേരളത്തിനു പുറത്ത് യാത്ര നടത്തിയിരുന്നു. ഈ സമയത്ത് കഴിച്ച ആഹാരത്തില്‍നിന്നാകാം കോളറ ബാധിച്ചതെന്നാണ് കരുതുന്നത്. പരേതന്റെ ബന്ധുക്കള്‍ക്കോ സമീപപ്രദേശത്തുള്ളവര്‍ക്കോ രോഗം ബാധിച്ചിട്ടില്ല. അനിത എസ്. ക്രിസ്റ്റബെല്ലാണ് മരിച്ച അജയ് ആര്‍. ചന്ദ്രയുടെ ഭാര്യ. മകള്‍ ഐശ്വര്യ ആന്‍ അജയ്.