പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധിക്ക് ആരോഗ്യവകുപ്പിന്റെ വിലക്ക്. ഇന്നലെ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ജോർജ് ഏബ്രഹാമാണ് ഇതു സംബന്ധിച്ച ഉത്തരവ് വായിച്ചത്. ഓൺലൈൻ മുഖേന ഈ യോഗത്തിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അൻസർ മുഹമ്മദായിരുന്നു എംപിയുടെ പ്രതിനിധി. പ്രതിനിധിയെ വിലക്കിയ വിവരമറിഞ്ഞ് ആന്റോ ആന്റണി സ്ഥലത്തെത്തി. യോ ഗത്തിൽ എംപിയാണ് പങ്കെടുക്കേണ്ടതെന്ന ഉത്തരവുണ്ടെന്നാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചതെന്നു ആന്റോ പറഞ്ഞു.
പുതിയ ഉത്തരവിറക്കിയ സർക്കാരിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ നവംബറിൽ ചേർന്ന യോഗത്തിൽ അൻസർ പങ്കെടുത്തിരുന്നു. ജനറൽ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ചെലവിനത്തിൽ അവതരിപ്പിച്ച കണക്കുകളിലെ വ്യക്തതക്കുറവ് താൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഇപ്പോഴത്തെ വിലക്കിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഏതാനും മാസം മുൻപ് ചേർന്ന യോഗത്തിലും എംപിയുടെ പ്രതിനിധി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ആശുപത്രി സൂപ്രണ്ട് എതിർപ്പ് ഉന്നയിച്ചിരുന്നു.