പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ പ്രതിസന്ധി. ഓ.പി ടിക്കറ്റ് നല്‍കുവാന്‍ മൂന്നുപേര്‍ മാത്രമാണ് കൌണ്ടറില്‍ ഉള്ളത്. ഇവര്‍ക്ക് മതിയായ പരിചയവും ഇല്ല. നാല് കൌണ്ടറുകളാണ് ആകെയുള്ളത്. നൂറുകണക്കിന് രോഗികള്‍ മണിക്കൂറുകളായി ഓ.പി കൌണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. രോഗികളും പ്രായമായവരും അവശനിലയിലാണ് ക്യൂവില്‍ തുടരുന്നത്. ആരോഗ്യമന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജ്ജിന്റെ സ്വന്തം നാട്ടിലാണ് രോഗികള്‍ വലയുന്നത്. ഇന്ന് ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ രാവിലെ 7 മണിമുതല്‍ ഓ.പി ടിക്കറ്റിനുവേണ്ടി ക്യൂ നില്‍ക്കുന്നവരാണ് അധികവും. ഇതില്‍ ഹൃദ്രോഗികള്‍ വരെയുണ്ടെന്നതാണ് ഏറെ ഗൌരവത്തോടെ കാണേണ്ടത്.
ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നാല് താല്‍ക്കാലിക ജീവനക്കാരെ ഒരു കാരണവുംകൂടാതെ ഇന്നലെ പിരിച്ചുവിട്ടിരുന്നു. ഇവര്‍ ഓ.പി കൌണ്ടറില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിരിച്ചുവിട്ടവര്‍ക്ക് പകരം വേണ്ടപ്പെട്ട ആരെയൊക്കെയോ ജോലിയില്‍ കയറ്റാനും ശ്രമം നടക്കുന്നുണ്ട്. വീണാ ജോര്‍ജ്ജിന്റെ രഹസ്യ പിന്തുണയോടെയാണ് ഇതെന്നും ആരോപണമുണ്ട്. പിരിച്ചുവിടപ്പെട്ട നാല് ജീവനക്കാരും ആശുപത്രിയില്‍ സമരം നടത്തുകയാണ്. എന്നാല്‍ ഇവരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.