തിരുവനന്തപുരം : ആശുപത്രി പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഡോ. കെ. പ്രതിഭയ്ക്ക് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ആരോഗ്യ വകുപ്പ് വ്യക്തത നൽകുന്നത്. മാതൃ നവജാത ശിശു മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനനി സുരക്ഷ യോജന പദ്ധതി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുണ്ട്. ഗ്രാമ പ്രദേശത്തുള്ളവർക്ക് 700 രൂപയും നഗര പ്രദേശത്ത് ഉള്ളവർക്ക് 600 രൂപയും ഈ പദ്ധതി പ്രകാരം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നു.
സർക്കാർ ആശുപത്രികളിലും പൊതു ആരോഗ്യ കേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാത ശിശുക്കൾക്കും സൗജന്യമായി ചികിത്സ, പരിശോധനകൾ, ഭക്ഷണം എന്നിവ നൽകുന്നതിന് ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ട്.
പ്രസവ സമയത്തും പ്രസവത്തിന് ശേഷവും ഉണ്ടാകുന്ന സങ്കീർണതകൾ മൂലമുണ്ടാകുന്ന മാതൃ നവജാത ശിശു മരണ നിരക്കും രോഗാവസ്ഥയും കുറയ്ക്കുക, പ്രസവ സമയത്തും പ്രസവാനന്തര പരിചരണത്തിലും ഗുണനിലവാരം മെച്ചപ്പെടുത്തുക, സമയ ബന്ധിതമായ റഫറലുകൾ ഉറപ്പാക്കുക, ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഗുണഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുന്നതിന് ഫലപ്രദമായ രണ്ട് – വഴി ഫോളോ – അപ്പ് സംവിധാനം പ്രാപ്തമാക്കുക, സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന എല്ലാ ഗർഭിണികൾക്കും ആദരപൂർവ്വമായ പ്രസവ പരിചരണം നൽകുക എന്നിവയാണ് ലക്ഷ്യ പദ്ധതിയുടെ ഉദ്ദേശമെന്നും ആരോഗ്യ വകുപ്പ് ഡോ. കെ. പ്രതിഭയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.