തിരുവനന്തപുരം : കൊറോണ വൈറസ് സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങി പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവരുമായി സമ്പർക്കം പുലര്‍ത്തിയവരെയും കണ്ടെത്താനുളള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
അതേസമയം ഇന്നലെ ലഭിച്ച ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരും. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. റൂട്ട് മാപ്പ് പുറത്ത് വിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ കഴിഞ്ഞ ദിവസം തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.
34 പേരുമായാണ് രോഗി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. രോഗി സന്ദര്‍ശനം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറടക്കം 12 പേരെ നിലവില്‍ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.