എറണാകുളം : എറണാകുളം പറവൂരില്‍ ആംബുലന്‍സ് വൈകിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. രോഗി മരിച്ചത് ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിന് എതിരെ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിറക്കിയത്. പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് റോസമ്മയ്ക്ക് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചത്. ഡ്രൈവര്‍ മുന്‍കൂര്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സ് വൈകിയതെന്നാണ് പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മ ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
കടുത്ത പനി ബാധിച്ചാണ് അസ്മയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ രോഗിയെ കയറ്റിയ ശേഷം കയ്യില്‍ എത്രരൂപയുണ്ടെന്ന് ഡ്രൈവര്‍ ചോദിച്ചു. 700 രൂപയാണ് കുടുംബത്തിന്റെ കൈവശമുള്ളതെന്ന് പറഞ്ഞതിന് 900 രൂപ വേണമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ ഇതിന് സമ്മതിച്ചില്ലെന്നും ഈ സമയത്ത് രോഗി കൂടുതല്‍ അവശയാവുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് പണം സംഘടിപ്പിച്ചതിന് ശേഷമാണ് ആംബുലന്‍സ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.