തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടാകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. പ്രതിപക്ഷം വീണാ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാക്കുകയാണ്. ബി.ജെ.പി ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ആരോഗ്യ വകുപ്പില്‍ തുടരെയുണ്ടാകുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ നീരസം ഉണ്ടെന്നാണ് അറിവ്.
വീണാ ജോര്‍ജ്ജും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നുവെന്ന സൂചനയും പുറത്തുവന്നതോടെ പാര്‍ട്ടിയിലെ പലര്‍ക്കും വീണയോട് താല്‍പ്പര്യം കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെയും തങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ട് വീണാ ജോര്‍ജ്ജ് വിദേശത്തേക്ക് രക്ഷപെടുകയാണെന്നും ചിലര്‍ കണക്കുകൂട്ടുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷപെടാന്‍ വീണാ ജോര്‍ജ്ജിന്റെ രാജിമാത്രമാണ് പോംവഴിയെന്ന് മുതിര്‍ന്ന നേതാക്കള്‍ ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമാണ്, പിണറായി സര്‍ക്കാരിനും വീണക്കും. ഒരുപക്ഷെ പ്രതിപക്ഷത്തിന്റെ മുമ്പില്‍ പെട്ടെന്ന് തോറ്റുകൊടുക്കേണ്ട എന്നൊരു നിലപാട് പാര്‍ട്ടി സ്വീകരിച്ചാല്‍ വീണാ ജോര്‍ജ്ജിന് ഇത് ആശ്വസിക്കാന്‍ വകനല്കും.
വീണാ ജോര്‍ജ്ജിന് പാര്‍ട്ടിയില്‍ കാര്യമായ സ്വാധീനം ഒന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ തണലിലാണ് വീണാ ജോര്‍ജ്ജിന്റെ നിലനില്‍പ്പ് തന്നെ. ഇത് പാര്‍ട്ടിയില്‍ പലര്‍ക്കും അത്ര ഇഷ്ടമല്ല, എന്നാല്‍ ആരും ഒരു തുറന്നുപറച്ചിലിന് തയ്യാറുമല്ല. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് കാര്യമായ സ്വാധീനമില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് അണികള്‍ മുമ്പോട്ട് പോകുന്നു എന്നുമാത്രം. എന്നിരുന്നാലും വീണാ ജോര്‍ജ്ജിനെതിരെ പരസ്യ പ്രതികരണവുമായി ഒളിഞ്ഞും തെളിഞ്ഞും പലരും രംഗത്ത് വരാറുണ്ട്. ഏറ്റവും ഒടുവില്‍ പരസ്യ പ്രതികരണവുമായി വന്നത് സി.പി.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ്. അദ്ദേഹത്തിന്റെ ഇന്നലത്തെ ഫെയ്സ് ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. “വീണാ ജോര്‍ജ്ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല” ഇതായിരുന്നു പോസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ ഇത്തരം പ്രതിഷേധങ്ങളുമായി മുന്നോട്ടുവരാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈനുമായി ശീതസമരത്തിലാണ് വീണാ ജോര്‍ജ്ജ്. നഗരത്തെ ദുരിതത്തിലാക്കി അബാന്‍ മേല്‍പ്പാലം പണി നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നിലും സക്കീര്‍ ഹുസ്സൈനോടുള്ള ഈ വൈരാഗ്യമാണ്. പത്തനംതിട്ട നഗരത്തില്‍ ഇത്തരമൊരു മേല്‍പ്പാലം ആവശ്യമില്ലെന്ന നിലപാടായിരുന്നു ബഹുഭൂരിപക്ഷം പേര്‍ക്കും. നിലവിലുള്ള റിംഗ് റോഡിന് വീതി കൂട്ടിയാല്‍ തീരുന്ന പ്രശ്നമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വളരെ ചെലവുകുറഞ്ഞ നിലയില്‍ വളരെവേഗം ഇത് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വീണാ ജോര്‍ജ്ജിന്റെ പിടിവാശിക്കു മുമ്പില്‍ ചിലരൊക്കെ തല കുനിക്കുകയായിരുന്നു എന്നാണ് വിവരം.