മനുഷ്യന്റെ ശരീരത്തിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ മുന്നറിയിപ്പായിരിക്കാം. ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ശരീരം ഇത്തരം സൂചനകൾ നൽകുന്നത്. ശരീരത്തിലെ അവയവങ്ങളിൽ ഏറ്റവും പ്രധാനിയാണ് കരൾ (liver). വയറിന്റെ വലത് ഭാഗത്ത് വാരിയെല്ലിന് താഴെയായാണ് കരൾ സ്ഥിതി ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും കരൾ സഹായിക്കുന്നു. 1.5 കിലോഗ്രാമാണ് കരളിന്റെ ഭാരം. കരളിന്റെ പ്രവർത്തനം നിലച്ചാൽ അത് ജീവന് പോലും ഭീഷണിയാകാറുണ്ട്. ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിന്റെ (liver disease) തുടക്കമാകാം.
കരളിന്റെ പ്രവര്‍ത്തനം മോശമാകുമ്പോഴാണ് തൊലിപ്പുറത്തും കണ്ണിലുമൊക്കെ നിറ വ്യത്യാസം അനുഭവപ്പെടുന്നത്. രക്തത്തില്‍ മഞ്ഞ നിറം വര്‍ധിക്കുമ്പോഴാണ് ഈ നിറം വ്യത്യാസം ശരീരം കാണിച്ച് തുടങ്ങുന്നത്. മഞ്ഞപ്പിത്തം രോഗം മൂര്‍ച്ഛിക്കുമ്പോഴും ഈ അവസ്ഥയുണ്ടാകാറുണ്ട്. കരള്‍വീക്കം അഥവ സിറോസിസ് എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്. കരളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആദ്യമുണ്ടാകുന്ന ലക്ഷണമാണ് തൊലിപ്പുറത്തെ ചൊറിച്ചില്‍, പിത്തരസം, കല്ലിന്റെ പ്രശ്‌നം, പാന്‍ക്രിയാസിസിലെ അര്‍ബുദം, ലിവര്‍ സിറോസിസ് എന്നിവയെല്ലാം. കാലിലെ നീര് പല രോഗങ്ങളുടെയും ലക്ഷണമാണ്. കാലില്‍ ഫ്‌ളൂയിഡ് കെട്ടി നില്‍ക്കുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണം കൂടിയാണ്. കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വ്യക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്റെ ചോര്‍ച്ച തടയുകയും ചെയ്യുന്നു. കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും.