ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് വെള്ളം അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുള്ളത് ആരോഗ്യത്തോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. പൊതുവെ പലരും ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത് എന്നും തണുത്ത വെള്ളം നല്ലതല്ല എന്നും പറയാറുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. ശരീരഭാരം കുറയ്ക്കാന്‍ ചൂടുവെള്ളമാണ് നല്ലതെങ്കിലും തണുത്തവെള്ളം കൊണ്ടും ഒരുപാട് ഗുണങ്ങളുണ്ട്. ചിലര്‍ ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും തണുത്ത വെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടുന്നു. തണുത്ത വെള്ളം കുടിച്ചാല്‍ തൊണ്ടവേദന വരും എന്ന് പറഞ്ഞ് ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മളെ വിലക്കാറുണ്ട്. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പ്രത്യേക ഗുണങ്ങളുണ്ട് എന്ന് ഇനി നിങ്ങള്‍ക്ക് അവരോട് പറയാം. അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഏത് തരം വെള്ളമായാലും അത് കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു. എന്നിരുന്നാലും തണുത്ത വെള്ളം കൂടുതല്‍ ഉന്മേഷദായകമാണ്. ചൂടുവെള്ളത്തെ അപേക്ഷിച്ച് നിങ്ങളുടെ മൊത്തത്തിലുള്ള ജല ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വിയര്‍പ്പ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നിര്‍ജ്ജലീകരണം തടയുന്നതിനും തണുത്ത വെള്ളം സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ദഹനം, ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഒഴിവാക്കുന്നതിനും ശരീരത്തില്‍ നന്നായി ജലാംശം ഉണ്ടെന്ന് ഉറപ്പാക്കണം. തണുത്ത വെള്ളം മെറ്റബോളിസത്തെ ഗണ്യമായി വര്‍ധിപ്പിക്കും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരത്തെ വിഷവിമുക്തമാക്കുന്നതിന് തണുത്ത വെള്ളം ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. കഠിനമായ വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ പേശികളുടെ വീക്കം അനുഭവപ്പെടുകയും ശരീര താപനില വര്‍ധിക്കുകയും ചെയ്യും. ഈ സമയം തണുത്ത വെള്ളം ശരീരത്തെ തണുപ്പിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്നു. പ്രത്യേക തരത്തിലുള്ള വേദനകള്‍ക്ക് ആശ്വാസം നല്‍കാനും തണുത്ത വെള്ളത്തിന് കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തൊണ്ടവേദനയോ, ആര്‍ത്തവ വേദനയോ ഉണ്ടെങ്കില്‍ തണുത്ത വെള്ളം അസ്വസ്ഥത വര്‍ധിപ്പിക്കും എന്ന് ഓര്‍ക്കുക. പൊതുവെ എല്ലാവരും ഉന്മേഷത്തിന് ചായയാണ് ശുപാര്‍ശ ചെയ്യാറുള്ള പാനീയം. എന്നാല്‍ തണുത്ത വെള്ളത്തിനും പെട്ടെന്നുള്ള ഊര്‍ജം നല്‍കാനും ഉണര്‍വ് മെച്ചപ്പെടുത്താനും കഴിയും. ചര്‍മ്മ സംരക്ഷണത്തിനും തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. തണുത്ത വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ കുറയ്ക്കാനും സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കും.