ഇന്ന് ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം. സ്ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിന് ലോക സ്ട്രോക്ക് ദിനം ആചരിച്ച് വരുന്നു. സ്‌ടോക്കിന്റെ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സാ വൈകിപ്പിക്കുന്നത്. ഇത്തവണ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ സന്ദേശം വിലയേറിയ സമയം പാഴാക്കരുത് എന്നാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാൽ തലച്ചോറിനുണ്ടാകുന്ന തകരാറ് കഴിയുന്നത്ര കുറയ്ക്കാൻ സാധിക്കും.
തലച്ചോറിലേക്കുള്ള രക്ത ധമനികൾക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവർത്തനതകരാറാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. പ്രധാനമായും രണ്ട് രീതിയിലാണ് സ്‌ട്രോക്കുള്ളത്. ഒന്ന് – തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഇഷ്‌കീമിക് സ്‌ട്രോക്ക്. രണ്ട് – തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക് ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിലെ ന്യൂറോളജിക്കൽ രോഗങ്ങൾ മൂലമുള്ള മരണനിരക്കിന്റെ ഒരു പ്രധാന കാരണം സ്ട്രോക്കാണെന്നും മൊത്തം മരണത്തിന്റെ 7.4 ശതമാനത്തിനും ഇതൊരു പ്രധാന കാരണമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഓരോ വർഷവും 17 ദശലക്ഷം ആളുകൾ സ്ട്രോക്ക് അനുഭവിക്കുന്നു. അതിൽ 6 ദശലക്ഷം പേർ മരിക്കുന്നതായി ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ വ്യക്തമാക്കുന്നു.
ശരീരത്തിന്റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു മിനുട്ട് പോലും വൈകാതെ ചികിത്സ തേടണം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് പക്ഷാഘാതം കൂടുതലായി കണ്ട് വരുന്നത്. പ്രായം കൂടിയവരിലാണ് പ്രധാനമായും പക്ഷാഘാതം കാണുന്നത്. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതിനുമുള്ള കാരണങ്ങളാണ്. പുകവലി, അമിതമദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മർദം എന്നിവയെല്ലാം പക്ഷാഘാതത്തിനുളള കാരണങ്ങളാണ്. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലി രോഗങ്ങളിലേക്കും അതുവഴി പക്ഷാഘാതത്തിലേക്കും വഴിതെളിക്കുന്നു.