കൊച്ചി : മക്കളുടെ ചികിത്സക്കായി ഹൃദയമുള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്പനക്ക് എന്ന പരസ്യബോര്‍ഡുമായി വഴിയരികില്‍ നിന്ന കുടുംബത്തിലെ ഒരംഗം ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചി സ്വദേശി ശാന്തിയും രോഗികളായ മക്കളുമാണ് ചികിത്സ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കാനും അമ്മയുടെ ഹൃദയം ഉള്‍പ്പെടെയുള്ള ശരീരാവയവങ്ങള്‍ വില്പനക്ക്’ എന്ന ബോര്‍ഡുമായി കൊച്ചിയിലെ കണ്ടെയ്നര്‍ റോഡില്‍ ഞായറാഴ്ച വൈകിട്ടു മുതല്‍ തിങ്കളാഴ്ചവരെ സമരം ചെയ്തത്. ഇവരുടെ രണ്ടാമത്തെ മകന് രഞ്ജിത് (23)ആണ് ചൊവ്വാഴ്ച രാവിലെ ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ രഞ്ജിത്തിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഞ്ചു മക്കളില്‍ മൂന്നുപേരുടെ ചികിത്സക്കും ജീവിതച്ചെലവുകള്‍ക്കും നിവൃത്തിയില്ലാതെ വരികയും വാടകവീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തതോടെയാണ് അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡ് സ്ഥാപിച്ച് മക്കളോടൊപ്പം കുടില്‍കെട്ടി ശാന്തി സമരം ചെയ്തത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇവരെ വിളിക്കുകയും ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും വീട്ടുവാടക ലയണ്‍സ് ക്ലബ് ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. തുടര്ന്നാണ്ഇവര് സമരത്തില്‍നിന്ന് പിന്മാറിയത്.
ശാന്തിയുടെ അഞ്ചു മക്കളില്‍ മൂന്നുപേരും പല അസുഖങ്ങള്‍ക്കും ചികിത്സയിലാണ്. മൂത്തമകന് രാജേഷ് കുമാറിന് (25) കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റു. രഞ്ജിത്തിന് ജനിച്ചപ്പോഴേ വയറിനകത്ത് മുഴയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് മോശം ആരോഗ്യവസ്ഥയിലാണ്. 21 വയസ്സുള്ള മൂന്നാമത്തെ മകന് സജിത് പ്ലസ് ടു കഴിഞ്ഞ് തിയറ്ററില്‍ ജോലിക്കുപോയി. കോവിഡില്‍ തിയറ്റര്‍ അടഞ്ഞതോടെ ആ ജോലിയും ഇല്ലാതായി. നാലാമത്തെ കുട്ടി സജീവ് പ്ലസ് വണ്ണിലെത്തിയതേയുള്ളൂ. ഇളയകുട്ടിയായ ജെസീകക്കും(11) ആറുവര്‍ഷം മുമ്പുണ്ടായ ഒരപകടത്തില്‍ തലച്ചോറിന് സാരമായ പരിക്കേറ്റു. ശാന്തിക്കും അന്ന് പരിക്കുകളുണ്ടായിരുന്നു.
സജിത്തും സജീവുമൊഴികെ എല്ലാവരും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം നിലമ്പൂരില്‍നിന്നുള്ള കുടുംബം ചികിത്സക്കായി ഇങ്ങോട്ട് മാറുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയായിരുന്നു. 25 ലക്ഷത്തോളം കടമുണ്ടെന്നും ശാന്തി പറഞ്ഞിരുന്നു.