റാന്നി: കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതു മൂലം ടൗണ്ണില്‍ വന്‍ ഗതാഗത കുരുക്ക്. റാന്നി ടൗണ്ണില്‍ ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പെയ്ത കനത്ത മഴയോടൊപ്പം എത്തിയ കാറ്റാണ് ടൗണ്ണില്‍ നാശം വിതച്ചത്. ഗതാഗതം സ്തംഭിച്ചതോടെ ടൗണ്ണില്‍ ചെത്തോങ്കര മുതല്‍ മാമുക്ക് വലിയപാലം വരെ ഗതാഗതകുരുക്ക് രൂപപെട്ടു. പോലീസ് എത്തിയാണ് ഗതാഗതം നേരെയാക്കിയത്.
ബൈപ്പാസ് ജംങ്ഷനില്‍ കണ്ടനാട്ട് എം.എല്‍.എ പടിയിലാണ് അല്‍ബീസിയ മരങ്ങള്‍ ഒടിഞ്ഞു വീണത്. മരങ്ങള്‍ വീണത് വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്കാണ്. ഇതോടെ പതിനൊന്നു കെ.വി അടക്കമുള്ള വൈദ്യുതി തൂണുകള്‍ നിലപതിച്ചു. സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ അറുപതോളം മരങ്ങളാണ് ഒടിഞ്ഞു വീണത്. അഗ്നിശമന സേനയുടെ റാന്നി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ അധികൃതരും പോലീസും സഹായത്തിനുണ്ട്.