തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കോസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ജൂലായ് 31നും ഓഗസ്റ്റ് ഒന്നിനും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കാണ് സാദ്ധ്യതയെന്നും അറിയിപ്പുണ്ട്. അതേസമയം, ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 773 മീറ്റർ ആയി. 773.50 ലേക്ക് എത്തിയാൽ അധികജലം ഒഴുക്കി വിടാൻ തുടങ്ങും.