പത്തനംതിട്ട : ഇന്ന് പെയ്തിറങ്ങിയ കനത്ത മഴയില്‍ പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മൈലപ്ര പള്ളിപ്പടിയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള വഴിയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മൈലപ്ര വലിയതോട്ടിലാണ് വെള്ളം കരകവിഞ്ഞത്. ഈ ഭാഗത്തുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളം ഇരച്ചുകയറി. രാത്രി എട്ടര മണിയോടെ അപ്രതീക്ഷിതമായാണ് വെള്ളം റോഡിലേക്ക് കയറിയത്. പെട്ടെന്നുള്ള പ്രളയത്തില്‍ ഇവിടെയുള്ള വ്യാപാരികള്‍ക്ക് കനത്ത നാശം നേരിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് മൈലപ്ര വലിയതോട് കരകവിഞ്ഞ് വെള്ളപ്പൊക്കം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു
മണിക്കൂറുകള്‍ നീണ്ടുനിന്ന അതിശക്തമായ മഴയായിരുന്നു ഇന്നത്തേത്. താഴ്ന്ന റോഡുകളിലും പാടങ്ങളിലും നിമിഷനേരം കൊണ്ടാണ് വെള്ളം നിറഞ്ഞത്. പെട്ടെന്ന് വെള്ളം ഉയര്‍ന്നപ്പോള്‍ ഉരുള്‍പൊട്ടല്‍ ആണെന്ന സംശയവും ജനങ്ങള്‍ക്കുണ്ടായി. മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഇപ്പോഴും റോഡില്‍ നിന്നും പൂര്‍ണ്ണമായും ഇറങ്ങിയിട്ടില്ല. രക്ഷാപ്രവര്ത്തനത്തിന് അഗ്നിശമനസേനയുടെ റെസ്ക്യൂ ടീം സംഭവസ്ഥലത്ത് കുതിച്ചെത്തി. നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം റജി അബ്രഹാം, പ്രതാപന്‍ എന്നിവര്‍ നേത്രുത്വം നല്‍കി.