കോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായി. ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തിങ്കളാഴ്ച പകലും ഇടവേളയില്ലാതെ തുടർന്നു. വൈകീട്ടോടെയാണ് അൽപം ശമനമായത്. കിഴക്കൻ മേഖലയിലും മഴ ശക്തമാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആറുകൾ ഒറ്റദിവസം കൊണ്ട് നിറഞ്ഞു. ഈ രീതിയിൽ മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജില്ലയിൽ തിങ്കൾ മുതൽ ബുധൻ വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്ത മഴയായി കണക്കാക്കുന്നത്.
അതിശക്ത മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണമെന്നും നിർദേശമുണ്ട്.