റാന്നി: കനത്ത മഴയിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളും കോസ് വേകളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളില്‍ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുമുണ്ടായി. തുലാപ്പള്ളി പമ്പാവാലിയിലെ മൂക്കൻപെട്ടി കോസ് വേ വെള്ളത്തിനടിയിലായി. അഴുതാനദി കര കവിഞ്ഞതാണ് പാലം മുങ്ങുന്ന തരത്തിലെത്തിയത്.പമ്പാനദിയിലും – അഴുതയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അഴുതയിലെ വെള്ളം കൂടിയായതോടെ പമ്പാനദിയിലെ ജലനിരപ്പുയര്‍ന്നു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി.
എയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, മുക്കം കോസ് വേകള്‍ മുങ്ങി. വനത്താലും പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, മണക്കയം കോളനികള്‍ പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ടു. നാറാണംതോട്ടില്‍ ശബരിമല പാതയില്‍ വെള്ളം കയറി. പെരുന്തേനരുവി തടയണ നിറഞ്ഞു കവിഞ്ഞു വെള്ളം മുകളിലൂടെയാണ് ഒഴുകുന്നത്. കക്കട്ടാറിലും കല്ലാറിലും സമാനസ്ഥിതിയാണ്.പെരുനാട്ടിലും വടശേരിക്കരയിലും വെച്ച് ഈ രണ്ടു ചെറിയ നദികള്‍ പമ്പയുമായി ചേരും.
ഈ മേഖലകളില്‍ അപ്രതീക ജലനിരപ്പാണ്.റാന്നി ഉപാസന കടവില്‍ നിന്നും വെള്ളം പേട്ടയില്‍ റാന്നി-തിരുവല്ല റോഡിനു സമീപം വരെ കയറി.മാമ്മുക്കിലെ പഴയ ചന്ത വെള്ളത്തിനടിയിലായി. ചെട്ടിമുക്ക്-വലിയകാവു റോഡില്‍ പുള്ളോലിയില്‍ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു.ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപത്തെ താഴ്ന്ന നിലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി.ബ്ലോക്കുപടി കോഴഞ്ചേരി റോഡില്‍ കിളിയാനിക്കലും മേനാംതോട്ടം കോഴഞ്ചേരി റോഡില്‍ അയിരൂര്‍ കോറ്റാത്തൂരും റോഡില്‍ വെള്ളം കയറി.
ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ വൈകുമ്പോഴും ശമിക്കാതെ തുടരുകയാണ്. മഴയുടെ അളവിൽ ഇപ്പോൾ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പൂർണമായി ശമിക്കുന്നത് വരെ അപകടകരമായ സാഹചര്യം നേരിടേണ്ടി വരുന്ന സ്ഥിതിയിലാണ്. മഴ ഗണ്യമായി കുറയില്ലെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. മഴ ഇനിയും ശക്തമായ നിലയിൽ തുടർന്നാൽ അതീവ അപകടകരമായ സ്ഥിതി നേരിടേണ്ടി വരുമെന്നുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.