ദില്ലി: ഉത്തരേന്ത്യയിൽ നിരവധി പേരുടെ ജീവനെടുത്ത് കാലവർഷം. ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി , ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, അസം, മണിപ്പൂർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്. ദില്ലിയിൽ മഴക്കെടുതിയിൽ ഒരാൾ മരിച്ചു. ഫ്ലാറ്റിന്റെ സീലിംഗ് തകർന്ന് വീണ് 58 കാരിയായ സ്ത്രീയാണ് ഇന്നലെ മരണപ്പെട്ടത്.
കനത്ത മഴയെത്തുടർന്ന് ദില്ലിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.