തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വയനാട്ടിൽ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമല്ല.
അതിതീവ്രമഴ മുന്നറിയിപ്പ് വീണ്ടും ലഭിച്ചതോടെ അതീവ ജാഗ്രതയില്‍ കേരളം. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ , എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അധികൃതര്‍ ആവശ്യപ്പെട്ടാലുടന്‍ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറണമെന്നും 2018ലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുരിതാശ്വാസനടപടിയെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു
പേമാരി തുടരുന്നതിനിടെ വിവിധ കാലാവസ്ഥാ ഏജന്‍സികളും വിദഗ്ധരുമെല്ലാം നല്കുന്നത് ഒരേ മുന്നറിയിപ്പാണെന്നും അതുകൊണ്ട് തന്നെ അതിജാഗ്രത വേണമെന്നും ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ് സര്‍ക്കാര്‍. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് . മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരത്ത് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. രാത്രിവരെ കോട്ടയം, ഇടുക്കി , തൃശൂര്‍ , എറണാകുളം ജില്ലകളിലെ മലയോര മേഖലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ നിന്നുളള പടിഞ്ഞാറന്‍ കാറ്റും ബാംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് ശക്തി കൂട്ടുന്നത്. ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്കി. ചാലക്കുടി, പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. എറണാകുളം , തൃശൂര്‍ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളില്‍ 2018ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുളളവര്‍ മുഴുവന്‍ ക്യാംപുകളിലേയ്ക്ക് മാറണമെന്നാണ് നിര്‍ദേശം. മത്സ്യബന്ധനവും മലയോര മേഖലകളില്‍ രാത്രി സഞ്ചാരവും വിലക്കി. എട്ടാം തീയതി വരെ മഴ തുടരും.