തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിലും കണ്ണൂരും കാസർകോടും ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പാണുള്ളത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മഴയിൽ പലയിടത്തും ട്രാക്കിൽ മരം വീണതോടെയാണ് പല ട്രെയിനുകളും വൈകിയോടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുന്നത് വൈകുകയാണ്. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് ജനശതാബ്ദി വൈകാൻ കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്.