ആലപ്പുഴ : ദിവസങ്ങളായി പെയ്യുന്ന മഴയിൽ നിലംപൊത്തി വിളവെടുക്കാറായ പച്ചക്കറികൾ. വെള്ളക്കെട്ടിൽ പുതുതായി നട്ട പച്ചക്കറി തൈകളും നശിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ലക്ഷകണക്കിന് രൂപയുടെ വിളവ് ലഭിക്കുന്ന പച്ചക്കറി കൃഷി പൂർണ്ണമായി നശിക്കും. ഇതോടെ കൃഷി വകുപ്പും കുടുംബശ്രീ യൂണിറ്റുകളും നടപ്പാക്കിയ പച്ചക്കറി പദ്ധതിയിൽ അംഗങ്ങളായ കർഷകരാണ് ആശങ്കയിലായത്.
കുട്ടനാട്, അപ്പർ കുട്ടനാട്, ഓണാട്ടുകര എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വിളകളാണ് മഴ ഭീഷണിയിലായത്. അത്യുല്പാദന ശേഷിയുള്ള മരച്ചീനി, വെണ്ട, വഴുതന, പയർ, ചീര, കുമ്പളം, മുളക്, പാവൽ, പീച്ചിൽ, പടവലം, ചതുരപയർ, കുക്കുംമ്പർ, പച്ചമുളക്, വാളരി തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. ഇതിനുപുറമേ ഏത്തവാഴ, ഞാലിപൂവൻ, ചേമ്പ്, ചേന,മഞ്ഞൾ, ഇഞ്ചി തുടങ്ങിയ വിളകളും വെള്ളക്കെട്ടുകളിൽ മുങ്ങി.
ആദ്യഘട്ടത്തിൽ വിളവിറക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഓണത്തിന് ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ വിളവ് ഇറക്കിയ ഒന്നരമാസം മുതൽ വിളവ് എടുപ്പ് പ്രായമായ കൃഷി വെള്ളത്തിലായതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാൻ ഗ്രാമീണമേഖലയിലെ കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചത്.
കൊവിഡും ലോക്ക്ഡൗണും മൂലം തൊഴിൽ നഷ്ടപെട്ടവരും വീട്ടിൽ ക്യാമ്പ് ചെയ്തതോടെയാണ് നാട്ടിലെങ്ങും പച്ചക്കറി കൃഷി സജീവമായത്. വീട്ടമ്മമാർ കുടുംബശ്രീ വഴിയുള്ള സഹായത്തോടെ അടുക്കളത്തോട്ട പദ്ധതിയിലും അംഗങ്ങളാണ്. ഓണക്കാലത്തെ പോലെ വേനൽക്കാലത്തേക്കും ആവശ്യമായ വിഷരഹിത പച്ചക്കറി ലക്ഷ്യം വെച്ചായിരുന്നു രണ്ടാംഘട്ട കൃഷി ഇറക്കിയത്. വീയപുരം, ഹരിപ്പാട്, ചെറുതന കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലാണ് കൃഷിനാശം ഉണ്ടായിരിക്കുന്നത്.