തിരുവല്ല/കുറ്റൂർ: കനത്ത മഴയെ തുടർന്ന് കുറ്റൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറിയത് മൂലം ജനങ്ങൾ തീരാദുരിതത്തിൽ. കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയതോടെ മണിമലയാർ കരകവിഞ്ഞ് ഒഴുകുന്നു. തെങ്ങേലി ഭാഗത്തും മറ്റുമായി നിരവധി വീടുകളിലും വെള്ളം കയറി.കുറ്റൂർ വില്ലേജ് ഓഫീസിലും ക്യഷി ഭവനിലും വെള്ളം കയറിയതോടെ ജീവനക്കാർ സുരക്ഷിത സ്ഥാനത്തേക്ക് ഫയലുകൾ നീക്കം ചെയ്യുന്ന ജോലികൾ തുടരുന്നുണ്ട്. കുറ്റൂർ നീതി സ്റ്റോറിലെ സാധനങ്ങൾ ഗവ.ഹൈസ്ക്കൂളിലേക്ക് നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നു. എം സി റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടി പറമ്പ് ഭാഗത്ത് വെള്ളം കയറിയതോടെ ഗതാഗതാ കുരുക്ക് രൂക്ഷമായി തുടരുന്നു.
ഇരുവശങ്ങളിലായി രണ്ട് കിലോമീറ്ററോളം ദൂരം ഗതാഗതം തടസപ്പെടുന്ന നിലയിലാണ്. കുറ്റൂർ – തെങ്ങേലി റോഡ്, തെങ്ങേലി – പനച്ചിമൂട്ടിൽ കടവ്, ഏറ്റുകടവ് റോഡ്, തലയാർ റോഡ്, ആറാട്ടുകടവ് – തലയാർ റോഡ് ,മാമ്മൂട്ടിൽ പടി – തലയാർ റോഡ്, കുറ്റൂർ – മനയ്ക്കച്ചിറ റോഡ്, ശാസ്താ നട റോഡ് വെള്ളം കയറി യാത്ര ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തിരുമൂലപുരം – കറ്റോട് റെയിൽവേ അടിപ്പാതയിൽ വെള്ളം കയറിയ തോടെ റോഡ് അടച്ച നിലയിലാണ്. കുറ്റൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 10 കുടുംബാഗങ്ങളിലെ 27 പേരും, ബാലികമഠം സ്ക്കൂളിൽ 9 കുടുംബാഗങ്ങളിലെ 22 പേരുമാണ് ക്യാമ്പിലുള്ളത് .