ഡൽഹി: ദിവസങ്ങൾ നീണ്ട് നിന്ന കൊടുംചൂടിന് ശേഷം ഡൽഹി എൻസിആറിൽ കനത്ത മഴ. മഴയിലും ശക്തമായ കാറ്റിലും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കാറ്റിനും മഴയ്ക്കും ഒപ്പം ആലിപ്പഴ വർഷവുമുണ്ടായി. അപ്രതീക്ഷിതമായി പെയ്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. എൻസിആറിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ പിഴുത് വീണ് നാശനഷ്ടങ്ങൾ ഉണ്ടായി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയയും ഇടിമിന്നലും കാരണം ഡൽഹി വിമാനത്താവളത്തിലെ ഫ്ലൈറ്റ് യാത്രകൾ തടസപ്പെട്ടു.
13 വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. 12 വിമാനങ്ങൾ ജയ്പൂരിലേക്കും മറ്റൊരു അന്താരഷ്ട്ര വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനയാത്രയിൽ തടസങ്ങൾ നേരിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചു. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയിലും ഇടിമിന്നലിലും ഡൽഹിയുടെ പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മരങ്ങളും ശാഖകളും വീണ് പോസ്റ്റുകളും, വൈദ്യുതി ലൈനുകളും തകർന്നു. ഡൽഹിയിലെ വടക്കൻ പ്രദേശങ്ങളായ വസീറാബാദ്, ധീർപൂർ ബവാന, നരേല, ജഹാംഗിർപുരി സിവിൽ ലൈൻസ്, ശക്തി നഗർ, മോഡൽ ടൗൺ എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടതായി ബിഎസ്ഇഎസ്, ബിആർപിഎൽ, ബിവൈപിഎൽ എന്നിവരുടെ പ്രസ്താവനയിലൂടെ അറിയിച്ചു.
വൈദ്യുതി ലൈനുകൾ പൊട്ടി വീണ് അപകടം സംഭവിക്കാതിരിക്കാനാണ് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെച്ചതെന്ന് ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് അറിയിച്ചു. ആലിപ്പഴം വർഷവും കനത്ത മഴയും കാരണം ഡൽഹിയിലെ മെട്രോ ശൃംഖലയിലെ ഓവർഹെഡ് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തി. കൂടാതെ ചില പ്രദേശങ്ങളിലെ ട്രാക്കുകളിൽ തടസം നേരിടുകയും റെഡ്, യെല്ലോ, പിങ്ക് ലൈനുകളിൽ സർവീസ് തടസം ഉണ്ടാകുകയും ചെയ്തു. ഡൽഹിയുടെ പല പ്രധാനപ്പെട്ട പ്രദേശങ്ങളിലും പൊടിക്കാറ്റ് അനുഭവപെട്ടു. സഫ്ദർജംഗിൽ മണിക്കൂറിൽ 79 കിലോമീറ്റർ വേഗതയിലും, പാലത്തിൽ മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിലും, പ്രഗതി മൈതാനത്ത് മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയിലും, പിതംപുരയിൽ മണിക്കൂറിൽ 65 കിലോമീറ്ററും വേഗതയിൽ കാറ്റ് വീശിയതായി ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്ന നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.