സിക്കിം : കഴിഞ്ഞ ദിവസം മുതൽ സിക്കിമിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും മണ്ണിടിച്ചലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വടക്കന്‍ സിക്കിമിന്റെ ഭൂരിഭാഗവും ഒറ്റപ്പെട്ട അവസ്ഥായിലായി. ഗതാഗതവും ഇവിടങ്ങളിൽ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് കാരണം ലാച്ചനില്‍ 115 വിനോദസഞ്ചാരികളും ലാച്ചുങ്ങില്‍ 1,350 വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുറത്തേക്കുള്ള വഴി തടസ്സപ്പെട്ടു. വിനോദസഞ്ചാരികളോട് ഹോട്ടലുകളില്‍ താമസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റോഡുകള്‍ തുറന്നാല്‍ അവരെ ഒഴിപ്പിക്കുമെന്ന് വടക്കന്‍ സിക്കിമിലെ മംഗന്‍ പോലീസ് സൂപ്രണ്ട് സോനം ഡി. ഭൂട്ടിയ പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്ന് ടീസ്റ്റ നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്ന സാഹചര്യമാണുള്ളത്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന്, മംഗനെ ചുങ്താങ്ങുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ഭാഗികമായി തകര്‍ന്നു. ഇവിടങ്ങളിൽ മൂന്ന് മണിക്കൂര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വടക്കന്‍ സിക്കിമിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. വടക്കന്‍ സിക്കിമിന് നല്‍കുന്ന പെര്‍മിറ്റുകള്‍ക്ക് ഭരണകൂടം നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.