ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കുറഞ്ഞ ദൃശ്യപരിധിയിൽ വിമാനം ലാൻഡ് ചെയ്യാൻ ക്യാപ്റ്റന് പരിചയമില്ലാത്ത സാഹചര്യത്തിലാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
കുറഞ്ഞ ദൃശ്യപരിധിയെ തുടർന്ന് ഡൽഹിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. വടക്കൻ റെയിൽവേ മേഖലയിലെ 22 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഡൽഹി, കിഴക്കൻ യു.പി, പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സ്ഥലങ്ങളിൽ ദൃശ്യപരിധി കുറവാണെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.