തിരുവനന്തപുരം : പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ. അജിത് കുമാർ അറിയിച്ചു.
കേന്ദ്രനിയമത്തിൽ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാന സർക്കാർ കുറച്ചിരുന്നു. എന്നാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രൈവർ റിഫ്രഷർ കോഴ്‌സിന് അയക്കാനും കഴിയും. ഈ വ്യവസ്ഥകൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടപ്പാക്കിയപ്പോൾ ഹെൽമെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകട മരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.