തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരെ പിടികൂടാന്‍ ഇന്ന് മുതല്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയുള്ള കോടതി ഉത്തരവ് പ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നതിനായി പോലീസ് വളരെ സാവകാശം നല്‍കുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തിട്ടും നിരവധി പേര്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് പിഴ ഈടാക്കുന്നത്. ഇന്ന് മുതല്‍ 30 വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ്. ഇതിന്റെ ഭാഗമായി പിഴ ഈടാക്കുന്നത് കര്‍ശനമാക്കും. വാഹന പരിശോധനയിലൂടെയും കണ്‍ട്രോള്‍റൂം ക്യാമറയിലൂടെയും നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും.
ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ 500 രൂപയാണ് പിഴ. രണ്ടുപേര്‍ക്കും ഹെല്‍മെറ്റില്ലെങ്കില്‍ 1000 രൂപ പിഴ ചുമത്തും. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച 13342 പേരില്‍ നിന്നും സിറ്റി പോലീസ് പിഴ ഈടാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് എടുക്കുന്ന നടപടികളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. ട്രാഫിക് സംബന്ധമായ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും 0471-2558731,0471-2558732, 1099 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.