പത്തനംതിട്ട: പോപ്പുലർ ഫൈനാന്‍സ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് നിയമപരമായ സഹായം ലഭ്യമാക്കുന്നതിന് ഡി.ഡി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം (9446034830), ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ (94471010000) എന്നിവർ അംഗങ്ങളായി ഡി.സി.സി ഹെൽപ്പ് ലൈൻ രൂപീകരിച്ചതായി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.
ഹെൽപ്പ് ലൈനിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ടവർക്ക് കൈമാറുകയും തട്ടിപ്പിന് ഇരയായവർക്ക് കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ് അംഗങ്ങൾ നിയമോപദേശം ഉൾപ്പെടെയുള്ള ആവശ്യമായ സഹായങ്ങൾ നല്കുകയും ചെയ്യുമെന്ന് ബാബു ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്തിന്റ വിവിധ സ്ഥലങ്ങളിലും അന്യ സംസ്ഥാനങ്ങളിലും ശാഖകൾ ഉണ്ടായിരുന്ന പോപ്പുലർ ഫൈനാന്‍സിയേഴ്സിലൂടെ ആയിരക്കണക്കിന് നിക്ഷേപകർ തട്ടിപ്പിനിരയായി പരാതികളുമായി നെട്ടോട്ടമോടുമ്പോൾ കോന്നിയിൽ മാത്രം പരാതികൾ സ്വീകരിച്ചാൽ മതി എന്ന ഡി.ജി.പിയുടെ സർക്കുലർ പ്രതികളെ സംരക്ഷിക്കുന്നതിനാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് അതാത് സ്ഥലങ്ങളിൽ പരാതി നല്കുന്നതിന് സൗകര്യമൊരുക്കി പരാതികൾക്ക് രസീത് നല്കുന്നതിനും എഫ്.ഐ.ആർ. തയ്യാറാക്കുന്നതിനും സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് നടത്തുന്നതിന് പോപ്പുലർ ഉടമകൾ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിട്ടും നിയമ നടപടികളിലൂടെ അത് തടയാതെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ കൈക്കലാക്കുവാൻ സൗകര്യം ഒരുക്കിയത് സർക്കാരിലേയും ഭരണകക്ഷിയിലേയും ചില ഉന്നതരുടെ സഹായത്തോടെയാണെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭ്യമാക്കുവാൻ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നല്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.