റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ. തലസ്ഥാനമായ റാഞ്ചിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹേമന്ത് സോറനൊപ്പം ഭാര്യ കൽപ്പന സോറനും ജെഎംഎമ്മിൽ നിന്നുള്ള 6 മന്ത്രിമാരും കോൺഗ്രസ് ആർജെഡി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, എഎപി നേതാവ് അരവിന്ദ് കെജ്‍രിവാൾ, മറ്റ് ഇന്ത്യാ മുന്നണി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. “നമ്മുടെ കൂട്ടായ പോരാട്ടത്തെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെയും നീതിയോടുള്ള പ്രതിബദ്ധതയെയും കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രദിനം” സോറൻ തന്റെ സത്യപ്രതിജ്ഞയെ വിശേഷിപ്പിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ആയുധം, നമുക്ക് ഭിന്നിക്കാനോ നിശബ്ദരാക്കാനോ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ എതിരാളിയായ ഗാംലിയാൽ ഹെംബ്രോമിനെ 39,790-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് സോറൻ ബർഹെയ്ത് സീറ്റ് നിലനിർത്തിയത്. ഈ തിരഞ്ഞെടുപ്പുകളിൽ, ജെഎംഎം അതിന്റെ എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിച്ചു, അവർ മത്സരിച്ച 43 സീറ്റുകളിൽ 34 സീറ്റുകളും നേടി. ഝാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചു. സിപിഐഎംഎൽ 2 സീറ്റിലാണ് വിജയിച്ചത്. സിപിഐഎംഎൽ ലിബറേഷൻ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകും.