തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റത്തിനനുസരിച്ച് ഇനിമുതൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസും കൂടും. കേന്ദ്രസർക്കാർ വർഷംതോറും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ നിരക്കിന് അനുസൃതമായി എം.ബി.ബി.എസ് ഫീസ് കൂട്ടാമെന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം ഇക്കൊല്ലം മുതൽ കേരളത്തിൽ നടപ്പാക്കും.വിലക്കയറ്റ സൂചിക മിക്ക വർഷങ്ങളിലും ഉയരാറുണ്ട്. ഫീസും അതിനനുസരിച്ച് വർധിക്കും. വർഷംതോറും ഫീസ് കൂട്ടുന്നത് വിദ്യാർത്ഥികൾക്ക് വൻ ബാദ്ധ്യതയാകും. ഫീസ് വർദ്ധന എത്രശതമാനം വരെ എന്നതിൽ വ്യക്തത വന്നിട്ടില്ല. വിലസൂചിക മാനദണ്ഡമാക്കുന്നതോടെ റിട്ട.ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ ഫീസ് നിർണയ സമിതിക്കു മുമ്പാകെ വരവുചെലവ് കണക്കുകൾ ഹാജരാക്കാതെ എല്ലാ വർഷവും ഫീസുയർത്താൻ സ്വാശ്രയ കോളേജുകൾക്ക് കഴിയും.
വിലസൂചിക പ്രകാരമുള്ള വർദ്ധനയ്ക്ക് അനുമതി തേടിയാൽ മതി.ഉപഭോക്തൃ വിലസൂചികയിൽ ജനുവരിയിൽ കേരളത്തിൽ 4.4 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ദേശീയ തലത്തിൽ 5.1ശതമാനവും.മോഡേൺ ഡെന്റൽ കോളേജ് കേസിൽ സുപ്രീംകോടതി ഉത്തരവനുസരിച്ച്, ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് മൂന്നുവർഷത്തേക്ക് പുതുക്കാൻ പാടില്ലെന്നാണ്. എന്നാൽ വിലക്കയറ്റത്തോത് പരിഗണിച്ചാൽ ഡെന്റൽ ഫീസും വർഷാവർഷം കൂട്ടാനാകും.