രാജ്യത്ത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടതിന്റെ കാലാവധി 2023 ജൂൺ 30-ന് അവസാനിച്ചിരുന്നു. തീയതി കഴിഞ്ഞിട്ടും ഇവ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകും എന്ന് സർക്കാർ അറിയിച്ചിരുന്നു. നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായോ ആയെങ്കിൽ ഇവ എങ്ങനെ വീണ്ടെടുക്കാമെന്ന് പരിശോധിക്കാം. പ്രവർത്തനരഹിതമായ പാൻ കാർഡുകൾ എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 2023 മാർച്ച് 28ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി വ്യക്തികൾ അവരുടെ ആധാർ പാൻ വിവരങ്ങൾ നിയുക്ത അതോറിറ്റിയെ അറിയിക്കുക. ഇതിനോടൊപ്പം 1,000 രൂപയും ഫീസ് ആയി നൽകണം തുടർന്ന് 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനക്ഷമമാക്കാം.
നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായോ എന്ന് അറിയാനും ചില വഴികളുണ്ട്. ഇതിനായി https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്ന ലിങ്ക് സന്ദർശിക്കുക. ഇതിൽ അധാർ പാൻ വിവരങ്ങൾ നൽകി കഴിഞ്ഞാൽ നിങ്ങളുടെ പാനും അധാറും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ആണ് ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുക. എസ്എംഎസ് വഴിയും നമ്മുക്ക് പാൻ ആധാൻ ബന്ധം അറിയാൻ സാധിക്കും. ഇതിനായി UIDPAN (സ്പേസ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയക്കുക. രണ്ട് കാർഡുകളും നിങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം നമ്മുക്ക് മറുപടിയായി ലഭിക്കും.
എന്തുകൊണ്ട് പാനും അധാറും തമ്മിൽ ബന്ധിപ്പിക്കണം എന്ന കാര്യവും നിങ്ങൾ അറിഞ്ഞിരിക്കണം. ഒന്നിലധികം കാർഡുകൾ നേടി തട്ടിപ്പ് നടത്തുന്നവരിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാൻ പാനും അധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിച്ചാൽ ഐടി വകുപ്പിന് ഏത് തരത്തിലുള്ള നികുതിവെട്ടിപ്പും കണ്ടെത്താൻ സാധിക്കും എന്നത് മറ്റൊരു ഗുണമാണ്. മാത്രമല്ല നികുതി ദായകർ ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയയും ഈ പാൻ ആധാർ ലിങ്കിലൂടെ ലളിതമാകും. പാൻ- അധാർ ബന്ധിപ്പിക്കാത്തവർ ഇനി ബന്ധിപ്പിക്കാൻ ശ്രമിച്ചാലും അതിന് 30 ദിവസത്തോളം സമയം വേണ്ടിവരും ഇക്കാലയളവിൽ ഇവർക്ക് ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോഴുള്ള ഒരുമാസ കാലയളവിലെ നികുതിയിളവിന്റെ പ്രയോജനം ലഭിക്കാൻ വഴിയില്ല.
മാത്രമല്ല ഇക്കാലയളവിൽ ഇവർക്ക് ഡീമാറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവ തുടങ്ങാനും സാധിക്കില്ല. മ്യൂച്ചൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ് എന്നിവയിൽ നിക്ഷേപിക്കണമെങ്കിലും അധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാലയളവിൽ നിങ്ങൾക്ക് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും ഇവ രണ്ടും ലിങ്ക് ചെയ്യപ്പെടുന്നതുവരെ ഐടി വകുപ്പ് നിങ്ങളുടെ റിട്ടേൺ പ്രോസസും ചെയ്യില്ല. ആധാർ കാർഡും പാൻ കാർഡും കൈവശമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഇവ പരസ്പരം ബന്ധിപ്പിക്കണം എന്നാണ് ആദായനികുതി നിയമം, 1961 (‘ആക്ട്’) വ്യവസ്ഥകൾ വ്യക്തമാക്കുന്നത്. ഈ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കുന്നത് ജമ്മു , അസാം, കാശ്മീർ, മേഘാലയ സ്വദേശികൾക്കും എൺപത് വയസ് പൂർത്തിയായവർക്കും വിദേശ ഇന്ത്യക്കാർക്കും മാത്രമായിരിക്കും. അതേ സമയം 1000 രൂപ അടച്ചിട്ടും ചിലർക്ക് പാൻ ആധാർ ബന്ധിപ്പിക്കാൻ സാധിക്കാത്തതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇവർക്ക് പ്രത്യക പരിഗണന നൽകുമെന്ന് ആദായ നികുതിവകുപ്പ് അറിയിച്ചു