ഒരുകാലത്ത് സ്പോർട്‌സ് ബൈക്കുകളുടെ അവസാന വാക്കായിരുന്നു ഹീറോ കരിസ്‌മ. 2003-ൽ വിപണിയിൽ എത്തിയിരുന്നുവെങ്കിലും 2007-ൽ സ്റ്റൈലൻ മാറ്റത്തോടെ R വേരിയന്റിൽ എത്തിയതോടെയാണ് മോട്ടോർസൈക്കിളിനെ ഏവരും ശ്രദ്ധിച്ചുതുടങ്ങിയത്. 2009-ല്‍ ഈ കരിസ്‌മയുടെ കുറച്ചുകൂടി മസ്ക്കുലർ പതിപ്പായ ZMR കൂടി നിരത്തിലെത്തിയിരുന്നു. അക്കാലത്ത് ബജാജ് പൾസർ 220, ഹീറോ കരിസ്‌മ തമ്മിലുള്ള പോരാട്ടവും ഏറെ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് രണ്ടാംതലമുറ മോഡൽ പൊട്ടിപാളീസായതോടെ കരിസ്‌മ ഇല്ലാതാവുകയായിരുന്നു. എങ്കിലും R എന്ന ഇതിഹാസത്തിന്റെ പ്രതാപം അപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു എന്നതായിരുന്നു കൗതുകകരമായ കാര്യം.
എന്തായാലും ഏവർക്കും അറിയാവുന്നതുപോലെ ഇപ്പോൾ പുനർജന്മമെടുത്തു വന്നിരിക്കുന്ന ഇതിഹാസത്തിനും വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. 1.72 ലക്ഷം രൂപയുടെ മോഹവിലയിലെത്തിയ സ്പോർട്‌സ് ബൈക്കിന് ഇതുവരെ 13,688 ബുക്കിംഗുകൾ ലഭിച്ചതായി ഹീറോ മോട്ടോകോർപ് അറിയിച്ചു. രണ്ടാംവരവിൽ XMR 210 എന്ന വാലും പേരിനൊപ്പം കരിസ്‌മയ്ക്കുണ്ട്. കഴിഞ്ഞ ദിവസം ആദ്യ യൂണിറ്റിന്റെ നിർമാണം ആരംഭിച്ച കമ്പനി ഡീലർഷിപ്പുകളിലേക്ക് മോട്ടോർസൈക്കിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഡെലിവറി തുടങ്ങാനുള്ള തയാറെടുപ്പിലാണ് കമ്പനി. താങ്ങാനാവുന്ന വിലയും ഉഗ്രൻ ലുക്കുമെല്ലാം കാരണം കരിസ്‌മ വീണ്ടും നിരത്തുകളിൽ നിറയും എന്നാണ് ഏവരുടേയും പ്രതീക്ഷ. 1,72,900 രൂപയുടെ ആമുഖ വിലയിലാണ് ഹീറോ കരിസ്‌മ എത്തിയതെങ്കിലും ഒക്‌ടോബർ ഒന്നു മുതൽ ബുക്ക് ചെയ്യുന്നവർ അധിക വില നൽകേണ്ടി വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് വിലയിൽ നൽകിയ ഓഫർ ബ്രാൻഡ് അവസാനിപ്പിച്ചുവെന്ന് സാരം. കരിസ്‌മ XMR 210 പതിപ്പിന്റെ അടിസ്ഥാന വില 7,000 രൂപ വരെ ഹീറോ ഉയർത്തിക്കഴിഞ്ഞു. അതായത് കരിസ്‌മ XMR 210 ബൈക്കിന്റെ ഇപ്പോഴുള്ള പ്രാരംഭ വിലയായ 1,72,900 രൂപയിൽ നിന്നും എക്സ്ഷോറൂം വില 7,000 രൂപയോളം വർധിച്ച് 1,79,900 രൂപയായി മാറുമെന്ന് സാരം. പുതിയ ബുക്കിംഗ് വിൻഡോ ഉടൻ തന്നെ ഹീറോ മോട്ടോകോർപ് പ്രഖ്യാപിക്കും.