ഇന്ത്യയില്‍ ഉത്സവ സീസണ്‍ ഇങ്ങെത്തി. ഉപഭോക്താക്കള്‍ വാഹന നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ആകര്‍ഷകമായ ഓഫറുകള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇക്കുറി ഉത്സവ സീസണില്‍ ഒരു ടൂവീലര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 മുതല്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില ഏകദേശം 1% വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിപണികള്‍ക്കനുസരിച്ച് വ്യത്യസ്ത മോഡലുകള്‍ക്ക് വരുത്തുന്ന വില വര്‍ധനവ് വ്യത്യാസപ്പെടും. തങ്ങളുടെ പതിവ് അവലോകനത്തിന്റെ ഭാഗമാണ് ഈ വര്‍ദ്ധനവ് എന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹീറോ വില വര്‍ധിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
നേരത്തെ ജൂലൈ മാസത്തില്‍ തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെ വില 1.5 ശതമാനം ഹീറോ വര്‍ധിപ്പിച്ചിരുന്നു. അതിന് മുമ്പ് പുത്തന്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ പരിഷ്‌കരിച്ചതിനാല്‍ മാര്‍ച്ചിലും വില കൂട്ടിയിരുന്നു. അന്ന് മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറിനും രണ്ട് ശതമാനമായിരുന്നു വില കൂട്ടിയത്. ഏറ്റവും പുതിയ വര്‍ധനവ് പോലെ തന്നെ കാലാകാലങ്ങളില്‍ കമ്പനി ഏറ്റെടുക്കുന്ന വില അവലോകനത്തിന്റെ ഭാഗമായിരുന്നു ജൂലൈയിലെ വര്‍ധനവ്. അടുത്ത എട്ട് പാദങ്ങളില്‍ എട്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് തയാറെടുക്കുന്നു. പുതിയ ഹാര്‍ലി-ഡേവിഡ്സണ്‍ X440, ഏറ്റവും പുതിയ കരിസ്മ XMR എന്നിവ ഇതിനകം കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തിറക്കിയ X440 ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത് ഹീറോയാണ്. അമേരിക്കന്‍ ടൂവീലര്‍ ഭീമന്റെ ആദ്യ സിംഗിള്‍ സിലിണ്ടര്‍ ബൈക്ക് കൂടിയാണ് X440.