ബീജിംഗ് : കൊവിഡ് 19 വൈറസ് രോഗബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനില്‍ ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ ചൈനീസ് ഗവണ്‍മെന്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയിലെ അതിര്‍ത്തി പ്രവിശ്യയായ ഹെയ്‌ലോംഗ് ജിയാംഗില്‍ നിന്നുള്ള വാര്‍ത്തകളാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. ഗ്ലോബല്‍ ടൈംസ് എന്ന പ്രമുഖ ചൈനീസ് ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം അവിടത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ച് 257 ആയിരിക്കുകയാണ്.
കൊവിഡ് രോഗം ആദ്യം പടര്‍ന്നു പിടിച്ച വുഹാന്‍ നഗരത്തിലേതിനേക്കാള്‍ അധികമാണ് ഇവിടുത്തെ രോഗബാധിതരുടെ നിരക്ക്. മറ്റു രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്ക് മടങ്ങിയെത്തുന്നവര്‍ കൊണ്ടുവരുന്ന പുതിയ കേസുകള്‍ നിയന്ത്രണമില്ലാത്തവിധം പെരുകുന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ നിന്നുണ്ടാകുന്ന പുതിയ സംക്രമണങ്ങള്‍. ലക്ഷണങ്ങള്‍ തീരെ ഇല്ലാത്ത, അല്ലെങ്കില്‍ വളരെ കുറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവരുടെ ടെസ്റ്റ് പോസിറ്റീവ് ആവുന്ന സാഹചര്യവും വെല്ലുവിളിയാകുന്നു.
ചൈനയില്‍ ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 108 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇതില്‍ 98 കേസുകളും ഇമ്ബോര്‍ട്ടഡ് ആണ് എന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നത്. റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന ഹെയ്‌ലോങ്‌ജിയാങ്ങില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 49 കേസുകളാണ്. ഇവര്‍ എല്ലാവരും തന്നെ റഷ്യയില്‍ നിന്ന് കരമാര്‍ഗം ചൈനയിലേക്ക് തിരികെ വന്ന ചൈനീസ് പൗരന്മാര്‍ ആണ്.
പുതിയ കേസുകളുടെ വെളിച്ചത്തില്‍ ഹെയ്‌ലോങ്‌ജിയാങ്ങില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. ഹെയ്‌ലോങ്‌ജിയാങ്ങിന് തൊട്ടടുത്ത് കിടക്കുന്ന ഹാര്‍ബിന്‍, സൂയ്ഫിന്‍ എന്നിവിടങ്ങളിലും കൊവിഡ് വ്യാപന ഭീഷണിയിലാണ്. ഇവിടെ നിന്ന് ബീജിംഗിലേക്ക് വെറും 1000 മൈല്‍ ദൂരം മാത്രമാണുള്ളത്.